Latest Updates

ന്യൂഡല്‍ഹി: യുഎസിലേക്കുള്ള വിസയും റെസിഡന്‍സി പെര്‍മിറ്റും (ഗ്രീന്‍ കാര്‍ഡ്) നിഷേധിക്കപ്പെടാനുള്ള സാധ്യതയ്ക്ക് സോഷ്യല്‍ മീഡിയയിലെ ആക്ടിവിറ്റികളും കാരണമാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) മുന്നറിയിപ്പ് നല്‍കി. സെമിറ്റിക് വിരുദ്ധ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതായോ, അത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായോ ഉള്ള പോസ്റ്റുകള്‍ ഇമിഗ്രേഷന്‍ പരിശോധനകളില്‍ നെഗറ്റീവ് ഘടകമായി കണക്കാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്‌ലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പോലുള്ള സംഘടനകളെ അനുകൂലിക്കുന്ന വിദേശികളുടെ വിസയും താമസാനുമതിയും നിരസിക്കുമെന്ന് വ്യക്തമാക്കി. “തീവ്രവാദ അനുഭാവികള്‍ക്ക് അമേരിക്കയില്‍ ഇടമില്ല. അവരെ പ്രവേശിപ്പിക്കാനോ ഇവിടെ തുടരാന്‍ അനുവദിക്കാനോ അമേരിക്ക ബാധ്യതയുണ്ടാകില്ല,” എന്നാണ് പ്രസ്താവന. സോഷ്യല്‍ മീഡിയയില്‍ സെമിറ്റിക് വിരുദ്ധതയോ അതുമായി ബന്ധപ്പെട്ട ആശയങ്ങളോ പ്രചരിപ്പിക്കുന്നവരുടെ വിസ അപേക്ഷകളും ഗ്രീന്‍ കാര്‍ഡ് അപേക്ഷകളും ഇനി കർശനമായ നിരീക്ഷണത്തിലായിരിക്കും. പുതിയ നയം ഉടനടി പ്രാബല്യത്തില്‍ വരും എന്നും ഇത് എല്ലാ ഇമിഗ്രേഷന്‍ ആനുകൂല്യങ്ങളിലേയ്ക്കും ബാധകമാകുമെന്നും യുഎസ് അധികൃതര്‍ അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice